Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ രൂക്ഷ വിമർശനവും പാർട്ടി ശാസനയും. കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഉണ്ടായ ദയനീയ പരാജയങ്ങൾ യോഗത്തിൽ വലിയ ചർച്ചയായി.
സമീപകാലത്ത് സംസ്ഥാന സെക്രട്ടറി നടത്തിയ ചില പ്രസ്താവനകളും നിലപാടുകളും പാർട്ടിക്ക് രാഷ്ട്രീയമായി ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ഇത് ജനങ്ങളിൽ നിന്ന് പാർട്ടി അകലാൻ കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. താഴെത്തട്ടിൽ പാർട്ടിയുടെ സ്വാധീനം കുറഞ്ഞതും ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ഉണ്ടായ വിടവും നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സംഘടനാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ കാര്യക്ഷമമായ തിരുത്തൽ നടപടികൾ വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങളും തിരുത്തലുകളും ഉണ്ടാകുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു സംഭവവികാസമാണ്.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ ഗോവിന്ദന് വീഴ്ചപറ്റിയെന്ന നിലപാടാണ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തൽ തള്ളുകയും ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന നിലപാടാണ് ജില്ലാകമ്മിറ്റി സ്വീകരിച്ചത്.
Kerala
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഉണ്ടാകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് നീക്കങ്ങൾ നടത്തുന്നത്.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ ഉൾപ്പെടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെടാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാൽ ഈ നീക്കം നേതാക്കൾക്കെതിരായ തുറന്ന കലാപമായി മാറാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് വരുന്ന ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 300 പേരാണ് യോഗത്തിൽ പങ്കെടുക്കുക.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളും സംഘടനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ചർച്ചകൾ നിയന്ത്രിതമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പിബി അംഗങ്ങൾ പങ്കെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തങ്ങളുടെ വീടിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഹരിക്കച്ചവടം നടക്കുന്നുവെന്ന ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സതീശൻ. ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സർക്കാർ സംരക്ഷിച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് ചെയ്തതെന്നും സർക്കാർ ഒരുതരത്തിലും അവരെ സംരക്ഷിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഇവർക്കുവേണ്ടി ആരെങ്കിലും ഇടപെട്ടതായി മാധ്യമങ്ങൾക്ക് ആരോപണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന പ്രചാരണവും സതീശൻ നിഷേധിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ ഇരുവരെയും തനിക്ക് അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലിരിക്കെ ഫോണിൽ വിളിക്കുകയും പിന്നീട് പാർട്ടി ഭാരവാഹികൾക്കൊപ്പം വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നോ നാലോ സ്ഥലങ്ങളിൽവെച്ച് ഇവരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായ ശേഷവും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ഒരിടത്തും സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ നിയമിച്ചിട്ടില്ല. ഓരോരുത്തരും വിവിധ സംഘടനകളിൽ അംഗങ്ങളാകുന്നതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എവിടെയായിരുന്നുവെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ തെളിവുകളും നിലനിൽക്കെ അന്വേഷണം അവസാനിപ്പിച്ച് കുറ്റവിമുക്തനാക്കിയത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്ത് പോയി ഫണ്ട് ശേഖരിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും പ്രളയകാലത്ത് സഹായം തേടാൻ മുഖ്യമന്ത്രിക്ക് പോലും അനുമതി ലഭിച്ചിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാണിച്ചുവെന്ന തരത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെന്നും ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് സമാഹരിച്ചെന്ന ആരോപണത്തിൽ വ്യക്തത വേണമെന്നും കേസ് അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയത് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്നാണ് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം വന്ന അക്കൗണ്ടിനെക്കുറിച്ചും വി.ഡി. സതീശൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കൂടുതൽ അന്വേഷണം വേണം. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ തിരികെ വരുന്നതിൽ തടസമില്ലെന്ന എം.വി.ജയരാജന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർ ചാനലുകളിൽ കയറി പറയുന്നതിന് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റേത് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്. എന്നാൽ വർഗവഞ്ചന എന്നത് വലിയ തെറ്റാണ്. ജി.സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്.
പാർട്ടിക്ക് ബദലായി വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത് തുടരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം സിപിഎമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം കുടുംബത്തെ പാർട്ടി നേതൃത്വം അവഗണിച്ചെന്ന വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ പൂർണമായി അവഗണിച്ചെന്ന് വിനോദിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പിബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നും അവർ പറഞ്ഞിരുന്നു.
വിനോദിനിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് വിശദീകരണവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല.
ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം അടൂർ ഏരിയാ കമ്മിറ്റിയോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരിഹാസം. ജയന്റെ സിനിമയിലെ 'ചാം ചച്ച ചോം ചച്ച' എന്ന പാട്ടു പോലെയാണ് എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെന്ന് യോഗത്തിൽ പരിഹാസമുയർന്നു.
ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും അതിന്റെ അർഥം എന്താണെന്ന് അറിയില്ല. അതേ അവസ്ഥയാണ് നിലവിൽ സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം. അടൂരിൽ വോട്ട് ഉറപ്പുനൽകി ചില സമുദായ നേതാക്കൾ പണം വാങ്ങിയെന്ന ആരോപണവും കമ്മിറ്റിയിൽ ചർച്ചയായി.
ഇതിൽ പാർട്ടി തലത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെയും കടുത്ത അമർഷമാണ് യോഗത്തിൽ ഉയർന്നത്. ചിറ്റയത്തിനെതിരെയുള്ള ജനവികാരവും നെഗറ്റീവ് വോട്ടുകളുമാണ് എൽഡിഎഫിന്റെ തോൽവിക്ക് പ്രധാന കാരണം.
പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ സ്ഥാനാർഥിയായി കൊണ്ടുവന്നത് മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഏക സംഭാവന. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും ചിലർ വിമർശനം ഉന്നയിച്ചു.
Kerala
ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാത്തതുമായി ബന്ധപ്പെട്ട വിവാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യം തികച്ചും പ്രാദേശികമായ കാര്യമാണ്. അത് പ്രാദേശിക തലത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ 2021ലാണ് ബിനീഷിന്റെ അംഗത്വം നഷ്ടമാകുന്നത്. ഇതിന് പിന്നാലെ 2023 മുതൽ ബിനീഷ് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയായിരുന്നു. ഈ കാര്യം ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാലുതവണ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് എം.വി.ഗോവിന്ദൻ ഡൽഹിയിലെത്തിയത്. കേരളം ഉൾപ്പെടെ അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര കമ്മിറ്റി വിലയിരുത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഞായറാഴ്ച അവസാനിക്കും.
Kerala
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം. പിണറായി വിജയനെ മാറ്റിനിർത്തണമെന്നും പ്രതിപക്ഷ നേതാവായി മറ്റൊരാളെ കണ്ടെത്തണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം തയാറായില്ല.
പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണ്. തോറ്റശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മോറാഴ സഖാക്കളെന്ന പേരിലാണ് ധർമ്മശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എം.വി. ഗോവിന്ദന്റെയും കെ.കെ.രാഗേഷിന്റെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് മോറാഴ സഖാക്കൾ എന്ന പേരിൽ പുതിയ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ.രാഗേഷിന്റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിനാണ് എസ്ഡിപിഐ പിന്തുണ നൽകുന്നത്. എൽഡിഎഫ് നേതാക്കൾ എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല.
ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്. അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇടപെട്ടിട്ടാണ് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിപ്പിച്ചത്. അവിടെ ബിജെപി ജയിക്കാതിരിക്കാനാണെന്നാണ് പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
എസ്ഡിപിഐ വോട്ടുവേണ്ടന്ന വി.ഡി.സതീശന്റെ നിലപാട് അവസരവാദമാണ്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥി എസ്ഡിപിഐ പിന്തുണ വാങ്ങുമെന്ന് പറഞ്ഞില്ലേ. പിന്നെ വോട്ടുവേണ്ടെന്ന് വി.ഡി.സതീശൻ അസംബന്ധം പറയുകയാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ അറിയിക്കും.
നിയമപരമായ കാര്യങ്ങൾ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ട്. പാർട്ടി എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി നിലപാടിൽ നിലവിൽ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ഉറച്ചുനിൽക്കുന്നു. ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം. ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതരും വിദഗ്ധരുമായി ചർച്ച നടത്തി വേണം നിലപാട് സ്വീകരിക്കാൻ.
അതേസമയം ശബരിമലയിലെ യുവതീ പ്രവേശനത്തില് നിലപാടിൽ സംസ്ഥാന സർക്കാർ മലക്കംമറിഞ്ഞു. യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില് ആവശ്യപ്പെടും.
Kerala
പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശി പാർട്ടി വിടുമെന്ന് സൂചന. എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം നാലിന് ജാഥ മണ്ണാർക്കാട്ടെത്തും.
ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പി.കെ.ശശിയുടെ വിശദീകരണം. ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.
ജാഥയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്ന് ശശി പ്രതികരിച്ചു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി പി.കെ.ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തിൽ ഉരുണ്ട് കളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ കോടതിയിൽ പറയുന്ന കാര്യം എന്താണെന്ന് തനിക്ക് പറയാൻ കഴിയില്ല. കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളത്.
വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി. കയറ്റണ്ടെന്ന് പറഞ്ഞാൽ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്ട്ട് പൂര്ണമല്ല. ദേവസ്വം ബോര്ഡിന്റെ മുന്നില് റിപ്പോര്ട്ട് വന്നിട്ടില്ല.
പൂര്ണ റിപ്പോര്ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്ട്ടാണിത്. അതില് പ്രതികരിക്കാന് ഉദ്ദേശിക്കുന്നില്ല. പി.കെ.ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് സ്വീകരണമൊരുക്കി അതിഥി തൊഴിലാളികൾ. ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം.
പശ്ചിമബംഗാളിൽ നിന്നുള്ള 200 ഓളം അതിഥി തൊഴിലാളികളാണ് സ്വീകരണം ഒരുക്കിയത്. വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറും എൽഡിഎഫ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്.
തുടർന്ന് ജാഥാ ക്യാപ്റ്റനായ എം.വി.ഗോവിന്ദനെ ഇവർ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. ഞായറാഴ്ചയാണ് എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് തുടക്കമായത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് നൂറിലധികം സീറ്റുകള് യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഐ ചതിയൻ ചന്തുവാണെന്ന നിലപാട് ഞങ്ങൾക്ക് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടർന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല. അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സർക്കാരിന് മാത്രമേ പറയാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതില് സര്ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനു തെറ്റുപറ്റിയ കാര്യം സമ്മതിച്ചത്.
പിന്നീട് പാർട്ടി ഇടപെട്ട് തെറ്റ് തിരുത്തി. മറ്റ് പല വിഷയങ്ങള്ക്കൊപ്പം പിഎം ശ്രീ വിവാദവും തദ്ദേശതെരഞ്ഞെടുപ്പ് തോല്വിക്ക് കാരണമായിരിക്കാം. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽവരും. എല്ഡിഎഫിന് 60 സീറ്റുകള് ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില് യുഡിഎഫിനേക്കാള് 17 ലക്ഷം വോട്ടുകള് എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് തോല്വിയുണ്ടായത്.
ഇത് സംഘടനാ വീഴ്ചയാണെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു.
കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടും. രാഹുലിന്റെ കേസും മുകേഷ് എംഎൽഎയുടെ കേസും വ്യത്യസ്ഥമാണ്. മുകേഷ് പാർട്ടി മെമ്പറല്ല.
മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായത്.
നല്ല പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് അംഗമായി തുടങ്ങി എംഎൽഎ വരെയായി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം കാഴ്ചവച്ചു.
കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി - കോണ്ഗ്രസ് അന്തര്ധാര സജീവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബിജെപിയും കോൺഗ്രസും ധാരണയിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് ഇരു കക്ഷികളും ശ്രമിക്കുന്നത്.
ജനങ്ങൾ ഇതു കാണുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില് കൊണ്ടുവരും. ആരെയും സംരക്ഷിക്കാന് സര്ക്കാരോ എല്ഡിഎഫോയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്ക്ക് ഇപ്പോള് എസ്ഐടി അന്വേഷണം മതി.
കോണ്ഗ്രസ് നേതാക്കള് ജനങ്ങളോട് മാപ്പുപറയണം. പത്മകുമാറിനെ അറസ്റ്റ് ചെയ്തതില് ഞങ്ങള്ക്ക് ഒരു അങ്കലാപ്പുമില്ല. ഞങ്ങള് ആരെയും സംരക്ഷിക്കില്ല. പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പരിപാടിയില് പങ്കെടുത്തതില് അജണ്ടയുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്.
നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണമെന്ന വാദം ഉന്നയിച്ചു. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നത്.
മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടുകളാണ്. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.